രാമങ്കരി: വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇനി മുതൽ നിത്യോപയോഗസാധനങ്ങൾ ഓൺലൈൻ മാതൃകയിൽ വീടുകളിലേക്ക് എത്തിത്തുടങ്ങും. പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളാണ് പുതിയ ദൗത്യമേറ്റെടുത്ത് രംഗത്തെത്തിയിട്ടുള്ളത്.
വീടുകൾ കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിക്കുന്നതിനൊപ്പം ആവശ്യമായ നിത്യോപയോഗസാധനങ്ങളുടെ ലിസ്റ്റും സമാഹരിക്കും. പിന്നീട് ഓർഡറനുസരിച്ച് സാധനങ്ങൾ വീടുകളിലെത്തിച്ച് നല്കുവാനാണ് പരിപാടി. ഇന്റർനെറ്റിന്റെ വലിയ ഉപയോഗമോ വലിയ മുടക്കു മുതലോ ഇല്ലാതെ തന്നെ കച്ചവടം സാധ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതുപോലെ തന്നെ പഞ്ചായത്തു തലത്തിൽ സ്ത്രീകളായിട്ടുള്ളവർക്ക് പുതിയ തൊഴിലവസരവും വരുമാനവും നേടാനുമാകും. കൂടാതെ കുടുംബാംഗങ്ങൾ സാധനങ്ങളും മറ്റും വാങ്ങുവാനായി നടത്തുന്ന യാത്രചെലവും സമയവും ലാഭിക്കാനാകും. തൊഴിലുറപ്പു പോലുള്ള പദ്ധതികളിലൊന്നും പെടാതെ നില്ക്കുന്നവരെ സംബന്ധിച്ചിടത്തോളം വരുമാനം കണ്ടെത്താനാകുന്ന പുതിയൊരു മേഖല കൂടിയായി വേണമെങ്കിൽ ഇതിനെ കണക്കാക്കാം.
ഇന്നലെ രാവിലെ പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യ ഓർഡർ ഐആർടിസി കോ ഓർഡിനേറ്റർക്ക് കൈമാറി പ്രസിഡന്റ് ധന്യ വിനോദ് ഉദ്ഘാടനം ചെയ്തു.